06:30pm 22 October 2026
NEWS
49 വർഷത്തിനിടെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത് 11,730 ജീവനുകൾ
31/01/2025  03:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
49 വർഷത്തിനിടെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത് 11,730 ജീവനുകൾ

കൊച്ചി: രാജ്യത്തിൻ്റെ തീരസംരക്ഷണം ലക്ഷ്യമിട്ട്  1977 ൽ രൂപീകൃതമായ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ നാൽപ്പത്തിയൊൻപതാമത് സ്ഥാപക ദിനം ഫെബ്രുവരി ഒന്നിന് .
1977 ൽ കോസ്റ്റ് ഗാർഡ് നിലവിൽ വന്നതുമുതൽ ഇതേവരെ ഇന്ത്യൻ സമുദ്ര പരിധിയിൽ 11,730 വിലപ്പെട്ട ജീവനുകളാണ് കോസ്റ്റ് ഗാർഡിൻ്റെ സമയോചിത ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തിയത്. ഇവരിൽ ബോട്ടുകൾ, വള്ളങ്ങൾ തുടങ്ങിയ മത്സ്യയാനങ്ങളിലെ തൊഴിലാളികളും ഇന്ധനച്ചോർച്ച, തീ പിടിത്തം എന്നിവ മൂലം കുടുങ്ങിപ്പോയ കപ്പലുകളിലെ ജീവനക്കാരും ഉൾപ്പെടും. 2024 ൽ മാത്രം 169 പേരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസത്തിൽ ഒരാളെ എന്ന നിലയിലായിരുന്നു രക്ഷാപ്രവർത്തനമെന്ന് പ്രതിരോധ വക്താവ് കമാൻഡർ അതുൽ പിള്ള പറഞ്ഞു .
1977 ൽ കോസ്റ്റ് ഗാർഡ് രൂപീകൃതമാകുമ്പോൾ ഏഴ് കപ്പലുകൾ മാത്രമാണ് സമുദ്രനിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും സ്വന്തമായി ഉണ്ടായിരുന്നത്. അരനൂറ്റാണ്ട് തികയാനിരിക്കെ 151 കപ്പലുകളും 76 എയർക്രാഫ്റ്റുകളും അടങ്ങിയ ശക്തമായ സേനാ വിഭാഗമായി കോസ്റ്റ് ഗാർഡ് മാറിക്കഴിഞ്ഞു. 2030 ആകുന്നതോടെ 200 കപ്പലുകളും 100 വിമാനങ്ങളുമടങ്ങിയ ലോകത്തെ ഏറ്റവും ശക്തമായ കോസ്റ്റ് ഗാർഡായി മാറാനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ലക്ഷ്യമിട്ടിരിക്കുന്നത്.അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി 1000 മീറ്റർ ജെട്ടിയുടെ നിർമ്മാണം വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്.
 ഇന്ത്യൻ സമുദ്രാതിർത്തിയെ വിധ്വംസക ശക്തികളിൽ നിന്ന് സംരക്ഷിക്കുക, മയക്ക് മരുന്ന് കടത്ത് തടയുക, മത്സ്യത്തൊഴിലാളികളുടെയും സമുദ്രയാനങ്ങളുടെയും അതിലെ യാത്രക്കാരുടെയും  സുരക്ഷ ഉറപ്പാക്കുക എന്നിവ കോസ്റ്റ് ഗാർഡിൻ്റെ ചുമതലകളിൽപ്പെടും. രാജ്യത്തിൻ്റെ 4.6 ലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രാതിർത്തിയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താനുള്ള ചുമതലയും കോസ്റ്റ് ഗാർഡിനാണ്.
ഇതിനായി 24 മണിക്കൂറും കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തുന്നു. 55 മുതൽ 60 വരെ കപ്പലുകളും 10 മുതൽ 12 വരെ വിമാനങ്ങളുമാണ് ദിവസവും നിരീക്ഷണം നടത്താനായി നിയോഗിക്കപ്പെടുന്നത്. ചെന്നൈയിലെ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻ്ററും പോണ്ടിച്ചേരിയിലെ കോസ്റ്റ് ഗാർഡ് എയർ എൻക്ലേവുമാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നാൽപ്പത്തിയൊൻപതാമത് സ്ഥാപക ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കോസ്റ്റ് ഗാർഡിന് അഭിനന്ദനങ്ങൾ അർപ്പിച്ചു. രാജ്യത്തിൻ്റെ തീരസംരക്ഷണത്തിൽ കോസ്റ്റ് ഗാർഡ് വഹിക്കുന്ന പങ്കും പ്രാധാന്യവും എടുത്തു പറഞ്ഞാണ് നേതാക്കൾ അഭിനന്ദനം അറിയിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img